ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത 'ദൃഢം' എന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മലയാളം ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ച അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. പതിവ് ക്രൈം ത്രില്ലർ ഫോർമുലകളിൽ നിന്ന് മാറി, ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
സർവീസിൽ പുതുമുഖമായ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ നിഗം എത്തുന്നത്. അനുഭവസമ്പത്ത് കുറവാണെങ്കിലും തന്റെ ആദ്യ കേസ് തെളിയിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ സിനിമയെ കൂടുതൽ വിശ്വസനീയമാക്കുന്നു. പതിയെ സസ്പെൻസിലേക്ക് കടക്കുന്ന ചിത്രം, സാധാരണ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി വളരെ റിയലിസ്റ്റിക്കായ ഒരു അന്വേഷണ രീതിയാണ് പിന്തുടരുന്നത്. ഓരോ തെളിവുകളും കോർത്തിണക്കി മുന്നേറുന്ന കഥാഗതി പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സ് തന്നെയാണ്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അവസാന ഭാഗത്തെ അതീവ ത്രില്ലിംഗ് ആക്കുന്നു. മാസ് പോലീസ് ഹീറോ ഇമേജുകളിൽ നിന്ന് മാറി, ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്റെ ആശയക്കുഴപ്പങ്ങളും ഭയവും ആത്മവിശ്വാസക്കുറവും ഷെയ്ൻ നിഗം വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തിന് കൂടുതൽ ആധികാരികത നൽകുന്നു.
ബി തിലകൻ, ദിനേഷ് പ്രഭാകർ, കോട്ടയം രമേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, പോലീസ് ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും തീയേറ്ററിൽ കണ്ടിരിക്കേണ്ട ഒന്നാണ്. പി.എൻ. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ക്വാളിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Photo and News Source: Sathyam Online










