തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ടിവികെ (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് ഇത് നിഷേധിച്ചു. വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.

ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാൽ, വിജയ്‌ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായ രണ്ട് അംഗങ്ങളുടെ കുറവ് നികത്താൻ ടിവികെ നടത്തുന്ന ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല.

കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ തുടങ്ങിയ കക്ഷികളിൽ നിന്ന് ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ വിജയ്‌ക്ക് കഴിഞ്ഞിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരുടെയും കത്തുകൾ നേരിട്ട് ഹാജരാക്കണമെന്ന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്.

മുസ്‌ലിം ലീഗും എഎംഎംകെയും സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. മതിയായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, ശനിയാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ചതായാണ് സൂചന. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Photo and News Source: Mathrubhumi