യുഎഇയുടെ അന്താരാഷ്ട്ര ബന്ധങ്ങളെയും പ്രതിരോധ പങ്കാളിത്തങ്ങളെയും ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെ ശക്തമായി തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും എതിരായ ഏതൊരു പ്രകോപനപരമായ നീക്കവും അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വാചാടോപങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യുഎഇയുടെ വിദേശബന്ധങ്ങളും പ്രതിരോധ കരാറുകളും തികച്ചും ആഭ്യന്തരവും പരമാധികാരപരവുമായ കാര്യമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതിന്റെ പേരിൽ ഭീഷണി മുഴക്കാനോ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനോ മറ്റൊരു കക്ഷിക്കും അവകാശമില്ല. അയൽപക്ക മര്യാദകൾക്കും യുഎൻ ചാർട്ടറിനും വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് യുഎഇ ആവർത്തിച്ചു.
പൗരന്മാരുടെയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഏതൊരു നീക്കത്തെയും നേരിടാൻ യുഎഇക്ക് അവകാശമുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിലെ സുരക്ഷാ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും പ്രാദേശിക സ്ഥിരത നിലനിർത്താനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ കരാറുകൾ തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, യുഎസ്-ഇറാൻ ബന്ധത്തിലെ പിരിമുറുക്കം തുടരുകയാണ്. ആണവ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരമായി ഉപരോധങ്ങളിൽ ഇളവ് നൽകുന്നതുൾപ്പെടെയുള്ള സമാധാന കരാർ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, യുഎസ് നിബന്ധനകൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നാണ് ഇറാന്റെ നിലപാട്. കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Photo and News Source: Suprabhaatham










