ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾക്ക് കാരണമാകുന്ന ജീവിയാണ് കൊതുക്. നേരിട്ട് ആക്രമിക്കുന്നതിനേക്കാൾ ഉപരിയായി, കൊതുകുകൾ പരത്തുന്ന മാരക രോഗങ്ങളാണ് മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്നത്. ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ, സിക്ക വൈറസ് തുടങ്ങിയ രോഗങ്ങളിലൂടെ പ്രതിവർഷം ഏഴ് ലക്ഷത്തിലധികം ആളുകളാണ് ലോകമെമ്പാടും മരണപ്പെടുന്നത്. കൊതുകുകളുടെ ശല്യം കാരണം ഉറക്കം നഷ്ടപ്പെടുന്നവരും പുറത്തിറങ്ങാൻ ഭയക്കുന്നവരും നിരവധിയാണ്.

വിപണിയിൽ ലഭ്യമായ കൊതുക് ബാറ്റുകളും ക്രീമുകളും ഉപയോഗിച്ച് മടുത്തവർക്ക് പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ സാധിക്കുന്ന ചില ചെടികൾക്ക് കൊതുകുകളെ ഫലപ്രദമായി അകറ്റാനുള്ള കഴിവുണ്ട്. ഇവ പരിപാലിക്കുന്നത് വഴി രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും വീടിന് ചുറ്റും സുഗന്ധം നിറയ്ക്കാനും സാധിക്കും.

ഇഞ്ചിപുല്ല് (Lemongrass) ഇതിൽ പ്രധാനമാണ്. ഇതിലെ സിട്രൊനെല്ല ഓയിലിന്റെ ഗന്ധം കൊതുകുകളെ അകറ്റാൻ സഹായിക്കുന്നു. അതുപോലെ, മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന റോസ്‌മേരിയും കൊതുകുകളെ തുരത്താൻ മികച്ചതാണ്. വൈകുന്നേരങ്ങളിൽ റോസ്‌മേരിയുടെ ഭാഗങ്ങൾ ചെറിയ പാത്രത്തിൽ ഇട്ട് പുകയ്ക്കുന്നത് കൊതുകുകളെ ആ പരിസരത്ത് നിന്ന് അകറ്റാൻ സഹായിക്കും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇവ നന്നായി വളരും.

കേരളീയ ഭവനങ്ങളിൽ പണ്ടുമുതലേ ഉണ്ടായിരുന്ന തുളസി കൊതുകുകളെ അകറ്റാൻ വളരെ ഫലപ്രദമാണ്. തുളസിയുടെ ഗന്ധം കൊതുകുകൾക്ക് ഒട്ടും ഇഷ്ടമല്ല. കൂടാതെ, ഭക്ഷണത്തിലും മരുന്നുകളിലും ഉപയോഗിക്കുന്ന പുതിനയും കൊതുകുകളെ തുരത്താൻ സഹായിക്കുന്ന ഒരു ചെടിയാണ്. പുതിനയില മുറിക്കുമ്പോൾ പുറത്തുവരുന്ന ശക്തമായ മണം കൊതുകുകളെ ആ പരിസരത്ത് നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു.

Photo and News Source: Kerala Kaumudi