അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അവാർഡ് ചിത്രമാണ് 'ബ്രൂട്ടൽ'. നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം, ഗുമസ്തൻ, ആഘോഷം എന്നീ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം അമൽ കെ ജോബി ഒരുക്കുന്ന മറ്റൊരു മികച്ച സൃഷ്ടിയാണ്. പരമ്പരാഗത സിനിമാ ശൈലികളിൽ നിന്ന് മാറി, തീർത്തും വ്യത്യസ്തമായൊരു ആഖ്യാനരീതിയാണ് ഈ ചിത്രം പിന്തുടരുന്നത്.
സമൂഹത്തെ ഞെട്ടിച്ച ഒരു ക്രൂരകൃത്യത്തിന് ഇരയായ പെൺകുട്ടിയുടെയും, ആ കുറ്റകൃത്യം ചെയ്ത വ്യക്തിയുടെയും മാനസിക സംഘർഷങ്ങളിലൂടെയാണ് 'ബ്രൂട്ടൽ' കടന്നുപോകുന്നത്. മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളെയും അതിനുള്ളിലെ സങ്കീർണ്ണമായ വികാരങ്ങളെയും വളരെ ആഴത്തിൽ ഈ ചിത്രം പരിശോധിക്കുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.
നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവർക്കൊപ്പം അമലു ബാബു, അമല റോബിൻ, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ, ലത ദാസ്, ജിൻസി ചിന്നപ്പൻ, ബിച്ചു അനീഷ്, വിജി മാത്യു, രജീഷ് കെ സൂര്യ, മച്ചാൻ സലിം, ഷിബു പരമേശ്വരൻ, സുധീഷ് എൽദോസ്, ജെയിംസ് കൊട്ടാരത്തിൽ, ദേവി, റോബിൻ പടവിൽ, സുജിത് സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
നാസർ ലത്തീഫും അമൽ കെ ജോബിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'ബ്രൂട്ടൽ' ഉടൻ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. അഗ്രഹ് കൊട്ടാരത്തിൽ ഛായാഗ്രഹണവും ജോസ് അറുകലിൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിഖിൽ മോഹൻ ആണ് സംഗീത സംവിധായകൻ. പിആർഒ മനു ശിവൻ.
Photo and News Source: Newsthen










