സഊദി അറേബ്യയിലെ അല്‍ഹസ്സയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. കൂട്ടാലിട നടുവണ്ണൂര്‍ സ്വദേശി അബ്ദുല്‍ അസീസ്-റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്. അല്‍ഹസ്സയിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു അജ്മല്‍.

സംഭവം നടന്നത് അല്‍ഹസ്സ മുബാറസിലെ റാഷിദിയയിലാണ്. ബേക്കറി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി വാനില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും അഗ്നിക്കിരയായി. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

ഒമ്പത് മാസം മുമ്പ് മാത്രമാണ് അജ്മല്‍ തൊഴില്‍ തേടി സഊദിയിലെത്തിയത്. അവിവാഹിതനാണ്. അപ്രതീക്ഷിതമായ ഈ ദുരന്തവാര്‍ത്ത അല്‍ഹസ്സയിലെ പ്രവാസി സമൂഹത്തെ വലിയ ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Photo and News Source: Siraj Live