കൊച്ചിയിൽ ആൺ സുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒഴിഞ്ഞു കിടക്കുന്ന ഹോട്ടൽ കെട്ടിടത്തിൽ വെച്ചാണ് അതിക്രമം നടന്നത്. സംഭവത്തിൽ തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ്, കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മഴയിൽ നിന്ന് രക്ഷതേടി കെട്ടിടത്തിനുള്ളിൽ കയറിയ യുവതിയെയും സുഹൃത്തിനെയും അവിടെ മദ്യപിച്ചിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. ആൺ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ച ശേഷം യുവതിയും സുഹൃത്തും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടൻ തന്നെ ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും പ്രതികൾ അന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാനും ഇവർ ശ്രമിച്ചു. സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ സുബോധ്, സി.പി.ഒ ഹരീഷ് ബാബു എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലായ ഒന്നാം പ്രതി ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞത്. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Photo and News Source: Kairali News