പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്റെ മകൾ അശ്വതി അലക്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലൗ ആൻ്റ് യു'. പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി എന്റർടെയ്‌നറാണ്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യാത്രയുടെ കഥ പറയുന്ന ചിത്രമാണിതെന്ന് സംവിധായിക അശ്വതി അലക്സ് വ്യക്തമാക്കി.
ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വേളയിൽ എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ച് പാക്കപ്പ് പാർട്ടി സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വെച്ച് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ നിർവഹിച്ചു. അസീസിയ കൺവെൻഷൻ സെന്റർ ചെയർമാൻ പി.എൻ. അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്ററും, പി.ആർ.ഒ എ.എസ്. ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രകാശനം ചെയ്തു. നടൻ ബാലു വർഗീസാണ് ഓഡിയോ ലോഞ്ച് കർമ്മം നിർവഹിച്ചത്.
ആർച്ച അയന, ആന്റണി ജിജോ ജോർജ്ജ്, ശിവാഞ്ജന, സുമേഷ് ബാസ്കർ, അഭിരാമി അശോക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അലക്സ് പോൾ തന്നെയാണ്. ഏഴ് മനോഹരമായ ഗാനങ്ങൾ ചിത്രത്തിലുണ്ട്. ഉല്ലാസ് റെഡ്ബിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
മേഘാലയ, തഞ്ചാവൂർ, തെങ്കാശി, കൊച്ചി, മാള, ഗുവാഹത്തി, ഉടുപ്പി, സുന്ദരപാണ്ഡ്യപുരം, കോട്ടയം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പി.ആർ.ഒമാരായ എ.എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ് ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Photo and News Source: Newsthen










