വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം തുടങ്ങിയ ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് കെ.പി.സി.സി.യുടെ കർശന നിർദേശങ്ങളെ അവഗണിച്ചുകൊണ്ട് തെരുവിലിറങ്ങിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രകടനം നേതൃത്വത്തിന് വലിയ വെല്ലുവിളിയായി.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ വൻ ജനക്കൂട്ടമായി മാറി. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ നൂറിലധികം സീറ്റുകളുടെ വിജയം വി.ഡി. സതീശന്റെ നേതൃത്വത്തിന് അവകാശപ്പെട്ടതാണെന്നും, അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചുള്ള ഈ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും ഉമ്മൻചാണ്ടിയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ളവർ പ്രകടനത്തിൽ സജീവമായി പങ്കെടുത്തു. അതേസമയം, ചേരിതിരിഞ്ഞുള്ള ഇത്തരം പ്രകടനങ്ങളും ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കലും ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ തന്നെ പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി നടക്കുന്ന ഇത്തരം നീക്കങ്ങൾ കോൺഗ്രസിനുള്ളിലെ ഭിന്നതയാണ് വെളിവാക്കുന്നത്.
Photo and News Source: Mathrubhumi









