കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, നിര്‍ണ്ണായക നീക്കവുമായി എ ഐ സി സി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ദീപാ ദാസ് മുന്‍ഷിയാണ് നേതാക്കളെ ഈ വിവരം അറിയിച്ചത്. ഇവര്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയിലെത്തും.
നാളെ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഈ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റന്നാളോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാകും.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ എം എല്‍ എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എ ഐ സി സി നിരീക്ഷകരുടെ പട്ടികയെന്ന പേരില്‍ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രത്തിലാണ് ഫോട്ടോ സഹിതം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, പുറത്തുവന്നത് യഥാര്‍ത്ഥ രേഖയല്ലെന്ന് നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും വ്യക്തമാക്കി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
Photo and News Source: Siraj Live










