പത്തനംതിട്ട അടൂരിൽ ഇരുപത്തിയെട്ടു വയസ്സുകാരിയായ യുവതിയെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ, ലൈസൻസ് എടുക്കാനെന്ന വ്യാജേന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലഹരി കലർത്തിയ ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. ഈ സമയം യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് തുടർന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു. സഹികെട്ട യുവതി ഒടുവിൽ പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

വിവരം അറിഞ്ഞതിൽ പ്രകോപിതനായ പ്രതി, കഴിഞ്ഞ മാസം യുവതിയെ ഒരു ടാങ്കർ ലോറിയിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. തുടർച്ചയായ പീഡനങ്ങളും അക്രമങ്ങളും സഹിക്കാനാവാതെ വന്നതോടെയാണ് യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസ് സ്റ്റേഷനിലും ഔദ്യോഗികമായി പരാതി നൽകിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo and News Source: Mathrubhumi