മലപ്പുറം പെരിന്തല്‍മണ്ണയിലെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കുടുംബം ഔദ്യോഗികമായി പരാതി നല്‍കി.

കുട്ടി സ്‌കൂള്‍ മാറുന്നതിനായി ടിസി വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ സമയത്ത് ടിസിയില്‍ 'റെഡ് മാര്‍ക്ക്' രേഖപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ പരാതി. സ്‌കൂള്‍ മാറാനിരുന്ന ദിവസമാണ് ദാരുണമായ ഈ സംഭവം നടന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മരണത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദമാണെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.

അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള പീഡനമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

Photo and News Source: Siraj Live