ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് ബജാജ് ഓട്ടോ. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ ബജാജ് ചേതക് ഇവി (Bajaj Chetak EV) ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോർ കമ്പനി എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ബജാജ് മാറി.
വാഹൻ ഡാറ്റ പ്രകാരം, 2021 സാമ്പത്തിക വർഷം മുതൽ 2026 മെയ് ആറ് വരെയുള്ള കാലയളവിൽ 7,27,779 യൂണിറ്റ് ചേതക് ഇവികളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. തുടക്കത്തിൽ പരിമിതമായ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ സ്കൂട്ടർ, പിന്നീട് രാജ്യവ്യാപകമായി വിപണനം ആരംഭിച്ചതോടെയാണ് വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബജാജ് ചേതക്കിനോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വൻതോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
2025 സാമ്പത്തിക വർഷത്തിൽ മാത്രം 2,39,087 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 114 ശതമാനം വർധനവാണ്. 2026 സാമ്പത്തിക വർഷത്തിൽ വിൽപ്പന 2,98,436 യൂണിറ്റായി ഉയർന്നു. ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ബജാജിന്റെ വിഹിതം 2023-ലെ 4 ശതമാനത്തിൽ നിന്ന് 2025-ഓടെ 20 ശതമാനമായി വർധിച്ചു. നിലവിൽ വിപണിയിൽ 22 ശതമാനം വിഹിതവുമായി ബജാജ് ശക്തമായ സാന്നിധ്യമായി തുടരുന്നു.
തുടർച്ചയായ പരിഷ്ക്കാരങ്ങളും മികച്ച സർവീസ് ശൃംഖലയും ബജാജ് ചേതക്കിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ചോയിസാക്കി മാറ്റുന്നു. പെട്രോൾ വിലയിലെ വർധനവും ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. വരും വർഷങ്ങളിലും ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ കരുത്തോടെ മുന്നേറാനാണ് ബജാജ് ഓട്ടോയുടെ പദ്ധതി.
Photo and News Source: DriveSpark









