ഐ.പി.എല്ലിൽ ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശർമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ തോൽവിക്ക് പിന്നാലെയാണ് താരത്തിന്റെ പഴയ പ്രസ്താവനകൾ കുത്തിപ്പൊക്കി ആരാധകർ രംഗത്തെത്തിയത്. താൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ടീമിന്റെ ടോപ്പ് ഓർഡർ തകരാൻ പ്രാർത്ഥിക്കാറുണ്ടെന്ന ജിതേഷിന്റെ പഴയ അഭിമുഖമാണ് ഇപ്പോൾ താരത്തിന് വിനയായിരിക്കുന്നത്.

"എന്റെ ടോപ്പ് ഓർഡർ തകരട്ടെയെന്നും, എനിക്ക് ബാറ്റ് ചെയ്യാനും ഹീറോ ആകാനും അവസരം ലഭിക്കട്ടെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്" എന്നായിരുന്നു ജിതേഷ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ താൻ ആഗ്രഹിച്ചത് പോലെ അവസരങ്ങൾ ലഭിച്ചിട്ടും ക്രീസിൽ പരാജയപ്പെടുന്ന താരത്തെയാണ് ഇപ്പോൾ ആരാധകർ കാണുന്നത്. കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് വെറും 64 റൺസ് മാത്രമാണ് ജിതേഷിന് നേടാനായത്. സീസണിലെ താരത്തിന്റെ ഉയർന്ന സ്കോർ വെറും 23 റൺസ് മാത്രമാണ്.

11 കോടി രൂപ മുടക്കി ടീം നിലനിർത്തിയ താരം ഇപ്പോൾ ടീമിന് തന്നെ ബാധ്യതയായി മാറിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. "ഹീറോ ആകാൻ ശ്രമിച്ച് സ്വന്തം കുഴി വെട്ടുകയാണ് ജിതേഷ്" എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വരുന്നത്. ലഖ്‌നൗവിനോട് തോറ്റതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കൈവിട്ടതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

65 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 1055 റൺസുള്ള ജിതേഷിന്റെ പേരിൽ വെറും ഒരു അർധസെഞ്ച്വറി മാത്രമാണുള്ളത്. നിർണായക മത്സരങ്ങളിൽ പോലും തിളങ്ങാൻ കഴിയാത്തത് ടീം മാനേജ്‌മെന്റിനും വലിയ തലവേദനയായിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിലെങ്കിലും താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Photo and News Source: Suprabhaatham