സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം വ്യാപാരം നടത്തിയത്. പവന് 1,12,200 രൂപയായിരുന്നു ഇന്നലത്തെ വില.

ഇറാൻ-യുഎസ് ചർച്ചകൾ പുരോഗമിക്കുന്നുവെന്നും മേഖലയിൽ സമാധാനം പുലരുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ഇന്നലത്തെ വിലവർധനവിന് കാരണമായത്. എന്നാൽ, ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ മാറ്റങ്ങൾ പ്രകടമായി. ഹോർമുസ് മേഖലയിലെ സംഘർഷ സാധ്യതകളും ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഇന്നത്തെ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 32 രൂപ കുറഞ്ഞ് 15,268 രൂപയിലും പവന് 256 രൂപ കുറഞ്ഞ് 1,22,144 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 24 രൂപ കുറഞ്ഞ് 11,451 രൂപയും പവന് 192 രൂപ കുറഞ്ഞ് 91,608 രൂപയുമായി.

യുഎസ് ഡോളർ ഇൻഡക്സിലുണ്ടായ 0.20 ശതമാനം വർധനവും മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിച്ചു. ആഗോള വിപണിയിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ മനോഭാവത്തിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. വിപണിയിലെ ഈ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

Photo and News Source: Suprabhaatham