കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. കോണ്‍ഗ്രസിന്റെ 63 എം.എല്‍.എമാരില്‍ 47 പേരും കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയിലുണ്ട്. എ.ഐ.സി.സി നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവന്നതെന്നാണ് സൂചന.
റിപ്പോര്‍ട്ട് പ്രകാരം സജീവ് ജോസഫ്, ടി.ഒ. മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവരും കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എട്ട് എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണന്‍ വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വി.ഡി. സതീശന് ആറ് എം.എല്‍.എമാരുടെ പിന്തുണയാണ് ലഭിച്ചത്.
അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ എം.പിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍. മൂന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ വി.ഡി. സതീശനെ പിന്തുണച്ചപ്പോള്‍, ഭൂരിഭാഗം മുതിര്‍ന്ന നേതാക്കളും കെ.സി വേണുഗോപാലിനൊപ്പമാണ് നിലയുറപ്പിച്ചത്. നിരീക്ഷകര്‍ ഈ റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സമര്‍പ്പിക്കും.
അന്തിമ തീരുമാനം എടുക്കുന്നതിനായി സണ്ണി ജോസഫ്, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും. അതേസമയം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠേന ചുമതലപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയോടെ ഹൈക്കമാന്‍ഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo and News Source: Suprabhaatham










