കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രതികരണവുമായി പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളും കഴിവും തന്ത്രങ്ങളും പരമാവധി പ്രയോജനപ്പെടുത്താനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംഘപരിവാർ രാഷ്ട്രീയത്തെ നേരിടാൻ വിശാലമായ ഐക്യം അനിവാര്യമാണെന്നും, അതിന് ജനാധിപത്യ ബോധമുള്ള കരുത്തനായ ഒരു ഭരണാധികാരി വേണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി പൊതുജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. കേരളത്തിലെ വോട്ടർമാർ കോൺഗ്രസിന് നൽകിയ വൻ വിജയം ദേശീയ തലത്തിൽ പാർട്ടി നിലനിൽക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനും വേണ്ടിയാണ്. ഇടത് പക്ഷം ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും, ആരോഗ്യകരമായ മത്സരം നിലനിൽക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതൃത്വമാണ് ആവശ്യമെന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള ഇപ്പോഴത്തെ വടംവലി പാർട്ടിയുടെ വിജയത്തിളക്കത്തെ മങ്ങലേൽപ്പിക്കുകയാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണം. ജനവികാരം മാനിച്ചും ദീർഘവീക്ഷണത്തോടെയും ഹൈക്കമാൻഡ് തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും സാറാ ജോസഫ് ഓർമ്മിപ്പിച്ചു. 'ജനമനസ്സറിയാനുള്ള കഴിവും വിവേകവും ദീർഘവീക്ഷണവും ഹൈക്കമാൻഡിന് ഉണ്ടാവട്ടെ' എന്ന് ആശംസിച്ചുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.
Photo and News Source: Sathyam Online










