കണ്ണൂർ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മണ്ഡലത്തിൽ പോസ്റ്റർ വിവാദം പുകയുന്നു. മധുസൂദനന്റെ തോൽവിക്ക് കാരണം പാർട്ടിയിലെ തന്നെ ഉന്നത നേതാക്കളാണെന്ന് ആരോപിച്ചുകൊണ്ട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ കൊക്കോട്ട് അണ്ടർപാസിലാണ് പ്രധാനമായും ഇത്തരം പോസ്റ്ററുകൾ പതിച്ചിരുന്നത്.

സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന കടുത്ത അതൃപ്തിയും പ്രതിഷേധവുമാണ് ഇതിലൂടെ പുറത്തുവരുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും പ്രവർത്തനങ്ങളിലെ വീഴ്ചയുമാണ് പരാജയത്തിന് കാരണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആരോപണം.

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് ടി.ഐ. മധുസൂദനനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. നേരത്തെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ആരോപണം ഉയർത്തിയ നേതാവ് തന്നെ പിന്നീട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പാർട്ടിയെ പരാജയപ്പെടുത്തിയത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടിയായി മാറി.

Photo and News Source: Mathrubhumi