മികച്ച പ്രകടനവും ദീര്‍ഘകാല ബാറ്ററി ലൈഫും വാഗ്ദാനം ചെയ്തുകൊണ്ട് ഷവോമി ഇന്ത്യ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി എ7, റെഡ്മി എ7 പ്രോ എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി എ7-ല്‍ 6.88 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളതെങ്കില്‍, റെഡ്മി എ7 പ്രോ മോഡലില്‍ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നതിനായി 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഉപയോക്താക്കളുടെ കണ്ണുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന ടിയുവി (TÜV) സര്‍ട്ടിഫിക്കേഷനും, നനവുള്ള സാഹചര്യങ്ങളിലും ഫോണ്‍ തടസ്സമില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കുന്ന വെറ്റ് ടച്ച് സാങ്കേതികവിദ്യയും ഈ സീരീസിലെ പ്രധാന സവിശേഷതകളാണ്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ ഫോണുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

15 വാട്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 7.5 വാട്‌സ് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും മികച്ച പെര്‍ഫോമന്‍സിനായി വിര്‍ച്ച്വല്‍ റാം എക്‌സ്പാന്‍ഷന്‍ സൗകര്യവും ലഭ്യമാണ്. റെഡ്മി എ7 പ്രോയില്‍ ഗൂഗിള്‍ ജെമിനി, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ അത്യാധുനിക സ്മാര്‍ട്ട് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്യുവല്‍ നാനോ സിം പിന്തുണയ്ക്ക് പുറമെ 2 ടിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്. കറുപ്പ്, നീല നിറങ്ങളില്‍ എത്തുന്ന റെഡ്മി എ7 (3ജിബി+64ജിബി) മോഡലിന് 10,499 രൂപയും, കറുപ്പ്, ഓറഞ്ച് നിറങ്ങളില്‍ എത്തുന്ന റെഡ്മി എ7 പ്രോ (4ജിബി+64ജിബി) മോഡലിന് 11,499 രൂപയുമാണ് വില. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ.കോം എന്നിവ വഴിയും ഷവോമി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഫോണുകള്‍ വാങ്ങാം.

Photo and News Source: Sathyam Online