ഇറാനും അമേരിക്കയും തമ്മിലുള്ള ദീർഘകാലമായുള്ള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുന്നു എന്ന സൂചനകൾ ശക്തമാകുന്നു. അമേരിക്ക മുന്നോട്ടുവെച്ച 14 ഇന നിർദ്ദേശങ്ങൾ ഇറാൻ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും, ഇതിന്മേലുള്ള ഔദ്യോഗിക മറുപടി ഉടൻ അറിയിക്കുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി. ഈ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുമായി രണ്ടര മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു. അമേരിക്കയുമായുള്ള വിഷയത്തിൽ രാജ്യത്തെ മുതിർന്ന പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് സമവായത്തിലെത്താനാണ് പെസെഷ്‌കിയാൻ ശ്രമിക്കുന്നത്.
സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോഴും, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേലി കപ്പലുകൾക്ക് ഈ പാതയിൽ പൂർണ്ണ നിരോധനം തുടരുമെന്ന് അവർ വ്യക്തമാക്കി. അമേരിക്കയുമായി കരാറിലെത്തിയാൽ മാത്രമേ ഹോർമുസ് തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകൂ.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയും നിർണ്ണായകമായി. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഫ്രാൻസിന്റെ വിമാനവാഹിനിക്കപ്പലായ ചാൾസ് ഡിഗെല്ല പുറപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. സംഘർഷം അവസാനിച്ച ശേഷം മാത്രമേ കപ്പൽ വിന്യസിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Suprabhaatham










