കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. 2026-ന്റെ തുടക്കം മുതൽ സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങൾ പ്രകടമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള വിപണിയെ എന്നപോലെ സ്വർണ വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വർണ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നുണ്ടെങ്കിലും, ഇന്നലെ രേഖപ്പെടുത്തിയ റെക്കോർഡ് വിലയിൽ നിന്ന് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണ വില എത്തിയിരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 14,025 രൂപയുമായിരുന്നു വില. എന്നാൽ ഇന്നത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ വിപണി നിരക്കുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഈടാക്കുന്നു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം സ്വർണ വിലയിലെ ഈ അസ്ഥിരതയ്ക്ക് പ്രധാന കാരണമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എത്തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുക എന്നത് വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Photo and News Source: Kairali News









