മണപ്പുറം ഫിനാൻസ്, മണപ്പുറം ഹോം ഫിനാൻസ് എന്നിവയുടെ നേതൃനിരയിൽ നിർണായകമായ നാല് നിയമനങ്ങൾ നടത്തി മണപ്പുറം ഗ്രൂപ്പ്. ബിസിനസ് വളർച്ചയും ഭരണപരമായ മികവും ലക്ഷ്യമിട്ടാണ് പുതിയ നിയമനങ്ങൾ. രാകേഷ് ശർമ്മയെ മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിന്റെ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും, സുരേന്ദ്ര കെ നായരെ മണപ്പുറം ഫിനാൻസിന്റെ ടാക്സേഷൻ വിഭാഗം മേധാവിയായും നിയമിച്ചു.
കൂടാതെ, ഈശ്വരൻ നാരായണൻ മണപ്പുറം ഗ്രൂപ്പിന്റെ ചീഫ് ടെക്നോളജി ഓഫീസറായും, മനീഷ് മോഹനൻ മണപ്പുറം ഫിനാൻസിന്റെ ഫിനാൻഷ്യൽ പ്ലാനിങ് ആൻഡ് അനാലിസിസ് വിഭാഗം മേധാവിയായും ചുമതലയേറ്റു. ബാങ്കിംഗ്, സാങ്കേതികവിദ്യ, ധനകാര്യം എന്നീ മേഖലകളിൽ ദശാബ്ദങ്ങളുടെ പ്രവർത്തന പരിചയമുള്ളവരാണ് പുതിയതായി ചുമതലയേറ്റവർ.
ബാങ്കിംഗ് മേഖലയിൽ 23 വർഷത്തെ പരിചയമുള്ള രാകേഷ് ശർമ്മ ഭവന വായ്പാ രംഗത്ത് പ്രഗത്ഭനാണ്. 35 വർഷത്തെ സേവന പാരമ്പര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് സുരേന്ദ്ര കെ നായർ. ഇദ്ദേഹം ഗ്രൂപ്പിന്റെ സിഎഫ്ഒ ഭുവനേശ് താരാശങ്കറിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ടാക്സേഷൻ വിഭാഗത്തിൽ 15 വർഷം സേവനമനുഷ്ഠിച്ച ബാബു എം വി ഇനി മുതൽ മുതിർന്ന ടാക്സ് അഡൈ്വസറായി തുടരും.
ഐടി, ഡിജിറ്റൽ പരിവർത്തന മേഖലകളിൽ 25 വർഷത്തിലേറെ പരിചയമുള്ള ഈശ്വരൻ നാരായണൻ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകും. ജെപി മോർഗൻ, സിറ്റി ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മനീഷ് മോഹനൻ ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗത്തെ നയിക്കും. ഇദ്ദേഹവും ഭുവനേശ് താരാശങ്കറിന് കീഴിലായിരിക്കും പ്രവർത്തിക്കുക.
പുതിയ നിയമനങ്ങൾ കമ്പനിയുടെ ബിസിനസ് ശേഷി വർധിപ്പിക്കാനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനും സഹായിക്കുമെന്ന് മണപ്പുറം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാർ വ്യക്തമാക്കി. ഇവരുടെ അനുഭവസമ്പത്ത് കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Dhanam










