പത്തനംതിട്ട ഇലന്തൂരിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. പാലച്ചുവട് പുളിനിൽക്കുന്നതിൽ മാത്യു ടി. ശാമുവേൽ (റെജി-58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30-ഓടെയായിരുന്നു സംഭവം. നേരത്തെ നടന്ന മറ്റൊരു കാറപകടം കണ്ട് രക്ഷാപ്രവർത്തനത്തിനായി തടിച്ചുകൂടിയവർക്കിടയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

കോന്നി ബിലിവേഴ്‌സ് ആശുപത്രിയിൽ നിന്ന് രോഗിയുമായി പത്തനംതിട്ട കെ.എം. ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇതിനു തൊട്ടുമുമ്പ് കുഴിക്കാല സ്വദേശി ജെബിൻ ഓടിച്ച കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ പറമ്പിലേക്ക് മറിഞ്ഞിരുന്നു. ഈ അപകടം കണ്ട് സഹായത്തിനെത്തിയതായിരുന്നു മാത്യു ഉൾപ്പെടെയുള്ള നാട്ടുകാർ. ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയ ആംബുലൻസ് ഒരു ഇരുചക്രവാഹനത്തെയും ഇടിച്ച ശേഷം മറിഞ്ഞുകിടന്ന കാറിലാണ് ഇടിച്ചുനിന്നത്.

ആംബുലൻസിന്റെ ഇടിയേറ്റ മാത്യു സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന രോഗി സജിൻ രാജ്, ഭാര്യ വിനീത മോഹൻ, മാതാവ് സജി ദേവി, സഹോദരൻ സജു, സ്റ്റാഫ് നഴ്സ്, ഡ്രൈവർ ജോബിൻ എന്നിവർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ആംബുലൻസ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്യുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജോളി. മക്കൾ: പ്രീന, പ്രിറ്റി.

Photo and News Source: Siraj Live