ഗൾഫ് മേഖലയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജിസിസി എൻആർഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ വിശ്വാസം അർപ്പിക്കുന്നു. പ്രമുഖ വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറസ് വെൽത്ത് (Equirus Wealth) പുറത്തുവിട്ട 'ഇന്ത്യൻ ഇക്വിറ്റി അറ്റ് ദി കോർ, ഐസ് എവരിവെയർ' എന്ന റിപ്പോർട്ടാണ് പ്രവാസികളുടെ നിക്ഷേപ ശൈലിയിലുണ്ടായ ഈ സുപ്രധാന മാറ്റം വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയ ഭൗതിക ആസ്തികളിൽ നിന്ന് മാറി ഓഹരി വിപണി പോലുള്ള സാമ്പത്തിക പോർട്ട്‌ഫോളിയോകളിലേക്ക് പ്രവാസികൾ വലിയ തോതിൽ ചുവടുമാറുകയാണ്.
പുതിയ മൂലധനം നിക്ഷേപിക്കുന്നതിൽ 42 ശതമാനം പേരും മുൻഗണന നൽകുന്നത് ഇന്ത്യൻ ഓഹരികൾക്കാണ്. 23 ശതമാനം പേർ സ്ഥിര വരുമാന പദ്ധതികളെ ആശ്രയിക്കുമ്പോൾ, 15 ശതമാനം പേർ വിപണി നിരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര ഓഹരികളിൽ 11 ശതമാനം പേർ നിക്ഷേപം നടത്തുമ്പോൾ, സ്വർണത്തോടുള്ള താൽപ്പര്യം വെറും നാല് ശതമാനമായി കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയോടുള്ള താൽപ്പര്യക്കുറവാണ് റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ. നിലവിൽ വെറും രണ്ട് ശതമാനം പേർ മാത്രമാണ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത്.
ഇക്വിറസ് വെൽത്ത് എംഡി & ബിസിനസ് ഹെഡ് അങ്കുർ പൂഞ്ച് പറയുന്നതനുസരിച്ച്, ലിക്വിഡിറ്റി പ്രശ്നങ്ങളും ലാഭക്ഷമത കുറഞ്ഞതും കാരണം മലയാളികൾ റിയൽ എസ്റ്റേറ്റിൽ നിന്ന് പിന്മാറുകയാണ്. മുൻകാലങ്ങളിൽ കുടുംബ ആവശ്യങ്ങൾക്കായി പണമയച്ചിരുന്ന പ്രവാസികൾ, ഇപ്പോൾ നിക്ഷേപ ലക്ഷ്യത്തോടെയാണ് പണം അയക്കുന്നത്. 27 ശതമാനം പേർ നിക്ഷേപത്തിനും, 22 ശതമാനം പേർ റിട്ടയർമെന്റ് പ്ലാനിംഗിനുമായാണ് പണം മാറ്റിവെക്കുന്നത്.
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും 86 ശതമാനം പ്രവാസികളും തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജിസിസി രാജ്യങ്ങളിൽ കുവൈറ്റിലെ പ്രവാസികളാണ് ഏറ്റവും കൂടുതൽ ആത്മവിശ്വാസം പുലർത്തുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്. വിപണിയിലെ ഈ മാറ്റം താൽക്കാലികമല്ലെന്നും, പ്രവാസികളുടെ നിക്ഷേപ സ്വഭാവത്തിൽ വന്ന ഘടനാപരമായ മാറ്റമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
Photo and News Source: Dhanam










