തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ വെച്ച് നടന്ന സംഭവത്തിൽ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ വ്യാപക പ്രതിഷേധം. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് പരസ്യമായി ആലിംഗനം ചെയ്യാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇന്ദിരാഭവന്റെ മുറ്റത്തുവെച്ചായിരുന്നു സംഭവം നടന്നത്.

ബിന്ദു കൃഷ്ണയെ കണ്ടയുടൻ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് മുന്നോട്ട് വരികയായിരുന്നു. എന്നാൽ, ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചതോടെ, ബിന്ദു കൃഷ്ണ അദ്ദേഹത്തെ ബലമായി തള്ളിമാറ്റുകയും കൈകൂപ്പി മുന്നോട്ട് നടക്കുകയുമായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. പൊതുസ്ഥലത്ത് പാലിക്കേണ്ട മാന്യത ചെറിയാൻ ഫിലിപ്പ് കാണിച്ചില്ലെന്നും, ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഇത്തരം പെരുമാറ്റം ഉണ്ടായത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. യുഡിഎഫ് വിജയിച്ച സാഹചര്യത്തിൽ ഇത്തരം പുരുഷ നേതാക്കളുടെ പെരുമാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന പരിഹാസവും ഉയരുന്നുണ്ട്.

Photo and News Source: Kerala Online News