ഇടുക്കി ജില്ലയിലെ നഴ്സുമാരുടെ സംയുക്താഭിമുഖ്യത്തിൽ നഴ്സസ് ദിന വാരാഘോഷം പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായാണ് ഈ വാരാഘോഷം സംഘടിപ്പിച്ചത്.

പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശരത് ജി റാവു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹൻകുമാർ നഴ്സസ് ദിന സന്ദേശം നൽകി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വനിത മുരുകൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ജോസി ഫ്രാൻസിസ്, എം.സി.എച്ച് ഓഫീസർ ഷൈല ജോർജ് എന്നിവർ പങ്കെടുത്തു. കൂടാതെ നിരവധി ജനപ്രതിനിധികളും ആരോഗ്യവിഭാഗം ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് വിഭാഗം ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ പാലാ ജനറൽ ആശുപത്രി ലോ സെക്രട്ടറി ഷരീഫ് കേരള സർവീസ് റൂൾസ് സംബന്ധിച്ച വിഷയത്തിൽ ക്ലാസ് നയിച്ചു. ആരോഗ്യപ്രവർത്തകരുടെ ഒത്തുചേരൽ കൂടിയായി മാറിയ പരിപാടി ഏറെ ശ്രദ്ധേയമായി.

Photo and News Source: Kerala Kaumudi Latest