അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കർമ്മപദ്ധതി തയ്യാറാക്കി ബിജെപി. നിലവിൽ മൂന്ന് സീറ്റുകൾ മാത്രമുള്ള പാർട്ടി, അടുത്ത തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 71 സീറ്റുകൾ നേടാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും പരീക്ഷിച്ച വിജയകരമായ മാതൃക കേരളത്തിലും നടപ്പിലാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഇടത്, വലത് മുന്നണികളിലെ പ്രമുഖ നേതാക്കളെ പാർട്ടിയിലെത്തിക്കുകയോ, അതല്ലെങ്കിൽ ഇരു മുന്നണികളിലെയും അസംതൃപ്തരെ ഉൾപ്പെടുത്തി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയോ ചെയ്യാനാണ് ബിജെപിയുടെ നീക്കം. സംസ്ഥാനത്ത് സി.പി.എമ്മിന്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും, വരുംകാലങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന മത്സരമെന്നും പാർട്ടി വിലയിരുത്തുന്നു. ബംഗാളിൽ മൂന്ന് സീറ്റിൽ നിന്ന് അധികാരം പിടിച്ചെടുത്തതുപോലെ കേരളത്തിലും മുന്നേറാനാണ് പദ്ധതി.

തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്ത അമിത് ഷായുടെ തന്ത്രങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഫലം കണ്ടു. ഇത്തവണ 20,000-ത്തിലധികം വോട്ടുകൾ ലഭിച്ച 65 മണ്ഡലങ്ങളിലും, 25,000-ത്തിലധികം വോട്ടുകൾ ലഭിച്ച 24 മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പരാജയപ്പെട്ട സ്ഥാനാർത്ഥികൾ അഞ്ച് വർഷവും മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്നും, തിരുവല്ലയിലെ അനൂപ് ആന്റണിയുടെ മാതൃക പിന്തുടരണമെന്നുമാണ് നിർദ്ദേശം.

പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങളുടെ വിശ്വാസം തകർന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിന് സമാനമായ തകർച്ചയാണ് കേരളത്തിലെ സി.പി.എമ്മിനും സംഭവിക്കുന്നതെന്ന് ബിജെപി നേതൃത്വം കരുതുന്നു. വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന നേതാക്കളെ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കി മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ ആക്ഷൻ പ്ലാൻ.

Photo and News Source: Sathyam Online