ഇടുക്കി ആനയിറങ്കൽ ശങ്കരപാണ്ഡ്യൻമേട് സ്വദേശിനിയായ ശാന്തി (36) എന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശാന്തിയെ ഉടൻ തന്നെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഇതൊരു സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാൽ, മരണത്തിൽ അസ്വാഭാവികത തോന്നിയ ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ശ്വാസംമുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരീ ഭർത്താവായ രാമകൃഷ്ണനെ (50) പോലീസ് അറസ്റ്റ് ചെയ്തു.

സംഭവദിവസം ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് രാമകൃഷ്ണൻ ആണി ചോദിച്ചെന്ന വ്യാജേന വീട്ടിലെത്തുകയായിരുന്നു. ഇക്കാര്യം ശാന്തി ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഭർത്താവ് തിരിച്ചെത്തിയപ്പോൾ ശാന്തിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു. ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എസ്. നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Photo and News Source: Pathram Online