തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും, ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതുകൊണ്ട് തന്നെ, ഉണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടികൾ അവരവരുടെ പാർട്ടി യോഗങ്ങൾ ചേർന്ന് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇതിന് ശേഷം മുന്നണി യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. കേരള കോൺഗ്രസ് (എം) നേരിട്ട വീഴ്ചകൾ പാർട്ടി തലത്തിൽ പരിശോധിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന്റെ പേരിൽ ഏതെങ്കിലും പ്രത്യേക പാർട്ടിയെയോ വ്യക്തികളെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി പിളർന്ന ഘട്ടങ്ങളിലും പല തെരഞ്ഞെടുപ്പുകളിലും പരാജയങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ജോസ് കെ. മാണി ഓർമ്മിപ്പിച്ചു. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം മുന്നോട്ട് വെച്ച ക്ഷണം അദ്ദേഹം തള്ളിക്കളഞ്ഞു. തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Photo and News Source: Sathyam Online









