അമ്പലപ്പുഴ മണ്ഡലത്തില്‍ സിപിഎം നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ജി. സുധാകരന്‍ നേടിയത് വമ്പിച്ച വിജയം. പാര്‍ട്ടി സംവിധാനങ്ങളും സന്നാഹങ്ങളും ഉപയോഗിച്ചിട്ടും എച്ച്. സലാമിന് പരാജയം നേരിടേണ്ടി വന്നത് സിപിഎം വോട്ടുകളില്‍ വലിയൊരു ഭാഗം സുധാകരന് ലഭിച്ചതുകൊണ്ടാണ്. ഏകദേശം ഇരുപതിനായിരത്തോളം ഇടതുപക്ഷ വോട്ടുകള്‍ സുധാകരനിലേക്ക് മാറിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളുടെ പരസ്യപിന്തുണയോടെ മത്സരിച്ചതാണ് സിപിഎമ്മിന് തിരിച്ചടിയായത്. 'പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരായ പോരാട്ടം' എന്ന സുധാകരന്റെ പ്രഖ്യാപനം അണികള്‍ ഏറ്റെടുത്തു. കൂടാതെ, കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയും വേട്ടയാടലും അണികളില്‍ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 27,935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജി. സുധാകരന്‍ വിജയിച്ചത്. എച്ച്. സലാമിന് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളില്‍ വലിയ കുറവുണ്ടായി. പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ സിപിഎം സ്വാധീന മേഖലകളില്‍ പോലും സുധാകരന്‍ വ്യക്തമായ ലീഡ് നേടി. എച്ച്. സലാം വോട്ട് ചെയ്ത ബൂത്തിലും സുധാകരന്‍ മുന്നിലെത്തിയത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.

സിപിഎം നേതൃത്വം 'വര്‍ഗവഞ്ചകന്‍' എന്ന് മുദ്രകുത്തി പ്രചാരണം നടത്തിയിട്ടും അണികള്‍ സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു. ബിജെപിയെ പഴിചാരി പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍, സ്വന്തം അണികള്‍ തന്നെ നേതൃത്വത്തെ തിരുത്തിയെഴുതിയ തെരഞ്ഞെടുപ്പ് ഫലമാണ് അമ്പലപ്പുഴയില്‍ കണ്ടത്.

Photo and News Source: Janmabhumi