മൊഹാലിയിലെ ചജ്ജു മജ്റയിലുള്ള വെസ്റ്റേൺ ടവേഴ്സ് എന്ന റസിഡൻഷ്യൽ സമുച്ചയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തുന്നതറിഞ്ഞ പ്രതികൾ, തെളിവ് നശിപ്പിക്കാനും പണം ഒളിപ്പിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായി ഒമ്പതാം നിലയിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗുകൾ താഴേക്ക് വലിച്ചെറിയുകയായിരുന്നു.
രാവിലെ നടക്കാനിറങ്ങിയവരാണ് ഫ്ലാറ്റ് സമുച്ചയത്തിന് ചുറ്റും നോട്ടുകൾ ചിതറിക്കിടക്കുന്നത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇഡി ഉദ്യോഗസ്ഥർ ചിതറിക്കിടന്ന പണം പിടിച്ചെടുക്കുകയും ഫ്ലാറ്റിൽ മണിക്കൂറുകളോളം പരിശോധന തുടരുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.
മൊഹാലി ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് ഇഡി നടപടി സ്വീകരിച്ചത്. ലൈസൻസുകൾ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വൻതോതിൽ പണം തട്ടിയെടുത്തുവെന്നാണ് പ്രധാന ആരോപണം. വെസ്റ്റേൺ ടവേഴ്സിലെ 906-ാം നമ്പർ ഫ്ലാറ്റിലായിരുന്നു പ്രധാന പരിശോധന.
മൊഹാലിക്ക് പുറമെ ചണ്ഡീഗഡ് സെക്ടർ 16, പട്യാല എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടന്നു. പ്രമുഖ ബിൽഡർമാരുടെയും വിവിധ ഹൗസിംഗ് പ്രോജക്റ്റുകളുടെ ഓഫീസുകളിലും പരിശോധനകൾ നടന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
Photo and News Source: Kerala Kaumudi Latest









