ന്യൂഡൽഹി: യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റു. വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. ‘‘ഫുജൈറയിലെ ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം ശത്രുതാപരമായ നീക്കങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കുമെതിരെയുള്ള ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണം’’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ നടക്കണം. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Photo and News Source: Malayalam Express