ഭോപ്പാലിൽ നിന്നുള്ള 32 വയസ്സുകാരനായ രാജേന്ദ്ര അഹിർവാർ, ഭാര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം രണ്ടുവയസ്സുള്ള മകനെയും വനത്തിൽ ഉപേക്ഷിച്ചു. സംശയാസ്പദമായ ബന്ധത്തെ തുടർന്നാണ് ക്രൂരകൃത്യം നടന്നതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹൈദർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായ വനപ്രദേശത്തായിരുന്നു സംഭവം. മൊബൈൽ ഫോൺ വാങ്ങാമെന്ന വാഗ്ദാനത്തിലാണ് ജ്യോതിയെയും മകനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ചു ഭാര്യയെ കൊലപ്പെടുത്തി. കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് രാജേന്ദ്ര പാലായനം ചെയ്തു.
കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് രാജേന്ദ്രയെ പിടികൂടി ചോദ്യം ചെയ്തു. ഉടൻ തന്നെ റൈസൻ, വിദിഷ ജില്ലകളിൽ തിരച്ചിൽ ആരംഭിച്ചു. പോലീസ് സേന, ഡ്രോണുകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ രാത്രി മുഴുവൻ കാട് അരിച്ചുപെറുക്കി. പത്ത് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പുലർച്ചെയോടെ കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. വിശപ്പും ദാഹവും ഭയവും കാരണം അവശനായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേന്ദ്രയ്ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
Photo and News Source: Sathyam Online










