കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. ജനവിധിയല്ല, കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് തിരഞ്ഞെടുപ്പ് ഫലം എന്നും അവർ പ്രസ്താവിച്ചു. ബിജെപി കേന്ദ്ര ഏജൻസികളെയും സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകൾ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനില്ക്കുകയും ചെയ്തു. കമ്മീഷനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ കടുവകളെപ്പോലെ പോരാടിയെന്നും വരും ദിവസങ്ങളിൽ ശക്തമായി തിരിച്ചുവരുമെന്നും മമത പറഞ്ഞു. രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, ഡോ. മന്മോഹൻ സിംഗ് എന്നിവരുടെ ഭരണകാലം കണ്ടിട്ടുണ്ടെങ്കിലും ഇത്ര ക്രൂരമായ ജനാധിപത്യ ലംഘനങ്ങൾ മുമ്പുണ്ടായിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. അധികാരം ശാശ്വതമല്ല, ചരിത്രം ആവർത്തിക്കുമെന്നും മമത പ്രതികരിച്ചു.

തന്റെ പാർട്ടി പ്രവർത്തകരെ ഭീഷണി നേരിടുന്നുണ്ടെന്നും ജീവൻ രക്ഷിക്കാൻ ബിജെപിയിൽ ചേരുന്നുവെന്നും മമത വ്യക്തമാക്കി. ഇപ്പോൾ സ്വതന്ത്ര പക്ഷിയാണെന്നും ഇന്ത്യ മുന്നണി നേതാക്കളുമായി ചേർന്ന് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും അവർ പറഞ്ഞു.

Photo and News Source: Siraj Live