തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തന്ത്രപരമായ നേതൃത്വമാണ് ഈ വിജയത്തിനു പിന്നിൽ. 'വിഡി ഫാക്ടർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മുന്നേറ്റം യുഡിഎഫിന്റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിമറിച്ചു.

പറവൂർ മണ്ഡലത്തിൽ നിന്നും 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സതീശൻ, ക്രൈസ്തവ, മുസ്ലിം, നായർ സമുദായങ്ങളെ യുഡിഎഫിനോട് അടുപ്പിച്ചു. ക്രൈസ്തവ സഭകളുമായും സമസ്തയുമായും നടത്തിയ നിരന്തരമായ ആശയവിനിമയം വോട്ടുകളായി മാറി. ബിജെപിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയ നിലപാടുകളെ എതിര്‍ക്കാൻ മതേതര വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുത്തു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ചേർന്ന് പാർട്ടിയിലെ ഗ്രൂപ്പിസത്തെ അവസാനിപ്പിക്കുകയും 'ടീം യുഡിഎഫ്' എന്ന ആശയത്തിലൂടെ പ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫ് സർക്കാരിനെതിരെയുള്ള ജനവികാരം കൃത്യമായി വോട്ടുകളാക്കി മാറ്റുന്നതിൽ സതീശൻ വിജയിച്ചു. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടവും ഈ മാറ്റത്തിന്റെ സൂചനയായിരുന്നു.

Photo and News Source: Sathyam Online