തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നിൽ എഐസിസിയുടെ കൃത്യമായ ആസൂത്രണമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വർഷം മുൻപേ സംസ്ഥാനത്തെ സംബന്ധിച്ച് സർവ്വേകളും പഠനങ്ങളും ആരംഭിച്ചിരുന്നു. ജനസ്വീകാര്യതയുള്ള നേതാക്കളെ മാത്രം മത്സരത്തിൽ ഇറക്കിയത് മുന്നണിക്ക് നേട്ടമായി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷമുണ്ടായ വിമത ഭീഷണികളെ അനുനയിപ്പിക്കാൻ കഴിഞ്ഞു. ഇതോടെ, ചരിത്രത്തിൽ ആദ്യമായി വിമത ശല്യമില്ലാത്ത തെരഞ്ഞെടുപ്പായി മാറി. 59 നിയമസഭാ നിരീക്ഷകരും ദേശീയ നേതാക്കളും ഉൾപ്പെടുന്ന ശക്തമായ നിരീക്ഷണ സംവിധാനമാണ് നടപ്പിലാക്കിയത്. ദേശീയ നേതാക്കൾ 20 ദിവസത്തോളം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ 50 താരപ്രചാരകരുടെ നിര സംസ്ഥാനം മുഴുവൻ പര്യടനം നടത്തി. ദീപ്തി മേരി വർഗീസ്, ഷമാ മുഹമ്മദ്, ജോസഫ് വാഴക്കൻ തുടങ്ങിയ സംസ്ഥാന നേതാക്കളും ഇതിൽ പങ്കാളികളായി. എല്ലാവർക്കും പ്രാതിനിധ്യം ഉറപ്പാക്കിയ സംഘടനാ ശ്രമങ്ങൾ വിജയത്തിന് കാരണമായി.
Photo and News Source: Kvartha










