തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചെങ്കിലും 2021-ലെ വോട്ട് വിഹിതത്തേക്കാൾ കാര്യമായ മുന്നേറ്റം കൈവരിക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപിക്ക് 11.42 ശതമാനം വോട്ടുകളും 24,66,178 വോട്ടുകളുമാണ് ലഭിച്ചത്. 2021-ൽ ഇത് 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനവും 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 14.6 ശതമാനവും നേടിയ ബിജെപി, നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറച്ചു.

കോൺഗ്രസ് പാർട്ടി 2021-ലെ 25.12 ശതമാനത്തിൽ നിന്ന് 2026-ൽ 28.79 ശതമാനമായി വോട്ട് വിഹിതം ഉയർത്തി. 52,33,429 വോട്ടിൽ നിന്ന് 62,17,918 വോട്ടായി വർദ്ധിച്ചു. സിപിഎമ്മിനാകട്ടെ, 25.38 ശതമാനത്തിൽ നിന്ന് 21.77 ശതമാനമായി വോട്ട് വിഹിതം കുറഞ്ഞു. 52,88,507 വോട്ടിൽ നിന്ന് 46,00,662 വോട്ടായി ഇടിവുണ്ടായി.

വോട്ട് വിഹിതം കണക്കിലെടുത്താൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാലാമത്തെ വലിയ പാർട്ടിയായി ഉയർന്നു. 11.01 ശതമാനം വോട്ടും 23,78,053 വോട്ടുകളും ലീഗിന് ലഭിച്ചു. 2021-ൽ 8.27 ശതമാനത്തിൽ നിന്ന് ഇത് വൻ മുന്നേറ്റമായിരുന്നു.

Photo and News Source: Samakalika Malayalam