ഗോവയിൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ 1,200-ലധികം ലൈംഗിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ലൈംഗികാതിക്രമത്തിന് ഇരയായി, ഗർഭിണികളായതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു) വെളിപ്പെടുത്തി.

പ്രസവസമയത്ത് മാത്രമാണ് പല കുടുംബങ്ങളും ഈ വിവരം അറിയുന്നത്. 16 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരിലാണ് ഗർഭധാരണം കൂടുതലായി കാണുന്നത് (60%). 11 മുതൽ 15 വയസുവരെയുള്ളവരിൽ 39 ശതമാനവും, പത്തുവയസിനു താഴെയുള്ള കുട്ടികളിൽ 1 ശതമാനവുമാണ്. വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറയുന്നത്, 10 വയസുകാരിയാണ് ഏറ്റവും പ്രായം കുറഞ്ഞ ഗർഭിണി.

അഞ്ചാം ക്ലാസ് മുതൽ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്ന് വിഎയു നിർദേശിക്കുന്നു. സ്കൂളുകളിലൂടെ കൃത്യമായ അറിവ് നൽകാനും, ഏകീകൃത പാഠ്യപദ്ധതി തയ്യാറാക്കാനും ആവശ്യപ്പെടുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും കൗൺസിലിങ് നൽകാനും അധ്യാപകരെ പ്രാപ്തരാക്കണം.

കുടുംബങ്ങളിലും കൂടുതൽ ആശയവിനിമയം ആവശ്യമാണെന്ന് നിർദേശിക്കുന്നു. വിഎയു ഒരു ആൻഡ്രോയിഡ് ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ, നിയമസഹായം, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും.

Photo and News Source: Newsthen