പട്ന: ബിഹാറിലെ സിവാനിൽ നടന്ന ഹർഷ് സിംഗ് കൊലപാതക കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി സോനു യാദവിനെ പോലീസ് ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. ഇന്ന് രാവിലെ നടന്ന ഈ നടപടി കുറ്റവാളികൾക്കെതിരെയുള്ള പോലീസിന്റെ കർശന നടപടിയുടെ ഭാഗമായാണ് കാണുന്നത്.
സോനു യാദവിനെ പിടികൂടുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാളെ പിടികൂടാനുള്ള തിരച്ചിലിനിടെയായിരുന്നു വെടിവയ്‌പ്. ഏപ്രിൽ 29-ന് ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹന തർക്കമാണ് സംഭവത്തിന് വഴിയൊരുക്കിയത്.
രണ്ട് വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിക്കു ശേഷം ബിജെപി നേതാവ് മനോജ് സിങ്ങിന്റെ അനന്തരവൻ ഹർഷ് സിങ്ങിനെ പ്രതി വെടിവച്ചു. സംഭവസ്ഥലത്തുതന്നെ ഹർഷ് സിംഗ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് പരിഭ്രാന്തി വ്യാപിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ബിഹാർ പോലീസ് സംഭവത്തെ ഗൗരവമായി എടുത്തു. തുടർച്ചയായ റെയ്ഡുകളിലൂടെ പ്രദേശത്തെ പ്രതികളെ ലക്ഷ്യമാക്കി. ഞായറാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ സോനു യാദവിനെ പോലീസ് കൊലപ്പെടുത്തി. മറ്റൊരു പ്രതി ഛോട്ടു യാദവിനെയും പരിക്കേൽപ്പിച്ചു. സംഭവത്തിന് ഉപയോഗിച്ച കാർ കണ്ടെടുത്ത് ഡ്രൈവർ സുനിൽ യാദവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപ്പെട്ട പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
Photo and News Source: Janmabhumi










