വിയറ്റ്‌നാമിന്റെ പ്രസിഡന്റ് ടോ ലാം നടത്തുന്ന ആദ്യത്തെ പ്രധാന വിദേശ സന്ദർശനമായിരിക്കും മെയ് 5 മുതൽ 7 വരെയുള്ള ഭാരത സന്ദർശനം. ഈ മൂന്ന് ദിവസത്തെ സന്ദർഭത്തിൽ, ഭാരതവും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 5,800 കോടി രൂപ മുതൽമുടക്കുള്ള ഈ കരാർ, വിയറ്റ്‌നാമിന്റെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായിരിക്കും.
സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, തീരദേശ പ്രതിരോധത്തിനുള്ള ബ്രഹ്‌മോസ് മിസൈലുകളും പരിശീലനവും സാങ്കേതിക സഹായവും ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരാർ യാഥാർത്ഥ്യമായാൽ, ഫിലിപ്പീൻസിനും തായ്‌ലൻഡിനെത്തുടർന്ന് ബ്രഹ്‌മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്‌നാം മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തുന്ന ടോ ലാം, മെയ് 6-ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രധാനമന്ത്രിയുമായി പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ടോ ലാമിനൊപ്പം മന്ത്രിമാരും ബിസിനസ് പ്രതിനിധികളും എത്തുന്നുണ്ട്. സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ബോധ് ഗയ, മുംബൈ എന്നിവിടങ്ങളും സന്ദർശിക്കും.
തെക്കൻ ചൈനാ കടലിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഭാരതവും വിയറ്റ്‌നാമും തമ്മിലുള്ള ഈ പ്രതിരോധ സഹകരണം ഏഷ്യൻ മേഖലയിൽ തന്ത്രപരമായ പ്രാധാന്യം അർഹിക്കുന്നു.
Photo and News Source: Janmabhumi









