തിരുവനന്തപുരം: വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫിസർമാർ അനുഭവിക്കുന്ന സമ്മർദ്ദവും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് കേരള മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. പൊതുഭരണ, ആരോഗ്യ വകുപ്പുകളോടൊപ്പം സ്പെഷൽ ബ്രാഞ്ചിന്റെ ശുപാർശകളും ഉൾപ്പെടുത്തി സർക്കാർ ഉടൻ മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ഡോക്ടർമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കെജിഎംഒഎ നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി. ആരോഗ്യ, പൊതുഭരണ വകുപ്പുകളിൽ നിന്നും വിശദമായ റിപ്പോർട്ടുകൾ ശേഖരിച്ച കമ്മിഷൻ, വിഐപി ഡ്യൂട്ടിക്ക് പ്രതിമാസം കുറഞ്ഞത് 5 ഡോക്ടർമാരെയെങ്കിലും നിയോഗിക്കണമെന്ന് നിർദ്ദേശിച്ചു. ഡ്യൂട്ടി പട്ടിക തയാറാക്കിയാൽ മറ്റ് ഉത്തരവാദിത്തങ്ങൾ നിയമപരമായി നിർവഹിക്കാൻ കഴിയുമെന്നും കമ്മിഷൻ വ്യക്തമാക്കി.
വിഐപി താമസിക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യ ജീവനക്കാർക്കും താമസവും ഭക്ഷണവും ഒരുക്കണമെന്നും ജില്ലാ കളക്ടർമാർക്ക് ഈ ചുമതല നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. വിഐപി ഡ്യൂട്ടിക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾ ലഭ്യമാക്കണമെന്നും അതിന്റെ ചുമതല ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി. ആംബുലൻസുകളിൽ ശീതീകരണ സംവിധാനം നിർബന്ധമാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
Photo and News Source: Media Mangalam









