തിരൂരങ്ങാടി: മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. തിരൂരങ്ങാടി മണ്ഡല പ്രതിനിധി സമ്മേളനത്തിൽ ഈ ആവശ്യം ഉയർത്തുന്ന പ്രമേയം പാസാക്കി. വലിയ ജനസംഖ്യയുള്ള ജില്ലകളുടെ ഭരണസൗകര്യത്തിനായി പുനഃസംഘടന അനിവാര്യമാണെന്ന് യൂത്ത് ലീഗ് വാദിച്ചു. നിലവിലുള്ള വികസന ആനുകൂല്യങ്ങളും ഭരണസേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിഭജനം സഹായകരമാകുമെന്നാണ് അവരുടെ നിലപാട്.
മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം ഇതിന് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്തായിരിക്കുമെന്നതിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ ശ്രദ്ധ. ഇതിനിടെ, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ മുസ്ലീം ലീഗിനെതിരെ വിമർശനമുയർത്തി. മുസ്ലീം ലീഗിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും, ലീഗിനെതിരായ വിമർശനങ്ങൾ മലപ്പുറം ജില്ലയ്ക്കും മുസ്ലിം സമൂഹത്തിനുമെതിരായ ആക്രമണമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം എല്ലാ വിഭാഗം ജനങ്ങളുടെയും ജില്ലയാണെന്നും, അതിന്റെ കുത്തകാവകാശം മുസ്ലീം ലീഗിന് മാത്രം അവകാശപ്പെടാനാവില്ലെന്നും വി.പി. അനിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അധികാരം ലക്ഷ്യമിട്ട് ലീഗ് വർഗീയ ശക്തികളുമായി സഹകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Photo and News Source: Janmabhumi









