മധ്യപ്രദേശിലെ ജബല്‍പൂരിലെ ബര്‍ഗി ഡാം ബോട്ട് അപകടം സംബന്ധിച്ച വ്യാജ ചിത്രങ്ങൾ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരമ്മയും പിഞ്ചുകുഞ്ഞും നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം ദുരന്തവുമായി ബന്ധപ്പെടുത്തി പങ്കുവെച്ചിരുന്നു. എന്നാല്‍ ജബല്‍പൂര്‍ കളക്ടറുടെ ഔദ്യോഗിക അറിയിപ്പിലൂടെ ഈ ചിത്രത്തിന് ബര്‍ഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ചതോ മറ്റെവിടെയെങ്കിലും നിന്നെടുത്തതോ ആകാം. അത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബല്‍പൂര്‍ കളക്ടർ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. അപകടത്തിൽ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടു. കാണാതായവരുടെ തിരച്ചില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയിലുള്ള ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മനോഭാവത്തെ വ്യാജ വാര്‍ത്തകൾ ബാധിച്ചിട്ടുണ്ട്. ദുരന്തസമയങ്ങളില്‍ വൈകാരിക ഉള്ളടക്കങ്ങള്‍ വേഗം പ്രചരിക്കാറുണ്ടെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Photo and News Source: Kerala Online News









