വാഷിംഗ്ടൺ | ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അടിയന്തര ചികിത്സാ വിഭാഗത്തിലെ രോഗനിർണ്ണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രകടനം ഡോക്ടർമാരേക്കാൾ മെച്ചപ്പെട്ടതായി കണ്ടെത്തി. ഓപ്പൺ ഐ ഒ1 എന്ന AI മോഡൽ ഉപയോഗിച്ചുള്ള പഠനത്തിൽ, 76 രോഗികളിൽ 67% കേസുകളിൽ AI-ക്ക് കൃത്യമായ രോഗനിർണ്ണയം നടത്താൻ കഴിഞ്ഞു. ഡോക്ടർമാരുടെ കൃത്യത വെറും 50-55% മാത്രമായിരുന്നു.

രോഗിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചപ്പോൾ AI-യുടെ കൃത്യത 82% ആയി ഉയർന്നു. ചികിത്സാ പ്ലാനുകൾ തയ്യാറാക്കുന്നതിലും AI മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും AI-ക്ക് മുൻതൂക്കമുണ്ടെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.

എന്നാൽ, രോഗിയുടെ ശാരീരിക ലക്ഷണങ്ങൾ നേരിട്ട് കാണാനോ പെരുമാറ്റം നിരീക്ഷിക്കാനോ AI-ക്ക് കഴിയില്ല. അതിനാൽ, AI ഒരു സഹായിയായും രണ്ടാമതൊരു അഭിപ്രായം തേടാനുള്ള മാർഗ്ഗമായുമാണ് ഉപയോഗിക്കാൻ പറ്റുക.

Photo and News Source: Siraj Live