പത്തനംതിട്ട: ശബരിമലയിലെ അതീവ സുരക്ഷാ മേഖലയില്‍ അനധികൃതമായി പ്രവേശിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യൂട്യൂബില്‍ പങ്കുവച്ച ഓട്ടോ തൊഴിലാളിക്കെതിരെ പമ്പ പോലീസ് കേസെടുത്തു. ഏപ്രില്‍ 19-ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഏപ്രില്‍ 24-ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഭക്തരുടെ പ്രവേശനമില്ലാത്ത സമയത്ത് വിജനമായ പതിനെട്ടാംപടിയും കൊടിമരവും ദൃശ്യങ്ങളില്‍ കാണാം.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് വീഡിയോ ചാനലില്‍ നിന്ന് നീക്കം ചെയ്തു. ശബരിമല നട അടച്ചതിനുശേഷം ഉദ്യോഗസ്ഥര്‍ക്കും അധികാരപ്പെട്ടവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിനെയും സെക്യൂരിറ്റി സംവിധാനങ്ങളെയും വെട്ടിച്ച് യുവാവ് എത്തിയെന്നാണ് സംശയം. ഇന്റലിജൻസ് വിഭാഗവും പോലീസും അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
യുവാവിനെ ഉടന്‍ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. പവിത്രമായ ആചാരങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും ലംഘിക്കുന്ന പ്രവണതകളെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Photo and News Source: Janam TV










