കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ, കൊൽക്കത്തയിൽ തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമങ്ങൾ അഴിച്ചുവിടുന്നു. സ്‌ട്രോങ്ങ് റൂമുകളുടെ സമീപം തമ്പടിച്ച തൃണമൂല്‍ ക്രിമിനലുകൾ ബിജെപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ നഗരത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാത്രി നേതാജി ഇൻഡോർ സ്റ്റേഡിയത്തിനു പുറത്താണ് ആദ്യത്തെ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വടക്കൻ, കിഴക്കൻ കൊൽക്കത്ത മേഖലകളിലെ ഇ.വി.എം. കേന്ദ്രങ്ങൾക്ക് സമീപം തൃണമൂല്‍ പ്രവർത്തകർ നിയമവിരുദ്ധമായി ഒത്തുചേരുകയും ബിജെപി പ്രവർത്തകരെ ലക്ഷ്യമിടുകയും ചെയ്തു. ബിജെപി നേതൃത്വം, തങ്ങളുടെ പ്രവർത്തകരെ തൃണമൂല്‍ ഗുണ്ടകൾ ക്രൂരമായി വേട്ടയാടുന്നതായി ആരോപിച്ചു.

സംഘർഷം നിലനിൽക്കെ മുഖ്യമന്ത്രി മമത ബാനർജി കൗണ്ടിംഗ് സെന്ററിൽ നേരിട്ടെത്തിയത് ദുരൂഹത വർദ്ധിപ്പിച്ചു. ബിജെപി, മുഖ്യമന്ത്രിയുടെ സന്ദർശനം വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനും അട്ടിമറിക്കുമാണെന്ന് ആരോപിച്ചു. തൃണമൂല്‍ അക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര സേനയെയും പോലീസിനെയും വൻതോതിൽ വിന്യസിച്ചു. നിലവിലെ നിരോധനാജ്ഞ പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നത് കുറ്റകരമാണ്. മെയ് 4-ന് ഫലപ്രഖ്യാപനം നടക്കുമ്പോൾ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.

Photo and News Source: Janam TV