കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് സമുദ്ര മത്സ്യസമ്പത്തിൽ നേരിയ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇന്ത്യയിൽ 35.7 ലക്ഷം ടൺ മത്സ്യ ലഭിച്ചതോടെ, മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി.
പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മത്തി ലഭ്യത കേരള തീരത്താണ്. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി.
എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു. മത്തിക്ക് ശേഷം, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. കൂടുതൽ മീൻ ലഭിച്ചത് എറണാകുളത്താണ്. ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ കേരളത്തിൽ മീൻ പിടുത്ത പ്രവർത്തനങ്ങൾ ബാധിതമായി.
Photo and News Source: Janmabhumi










