തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മമത ബാനർജിക്കെതിരെ നടപടി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. സ്ഥാനാർത്ഥിയല്ലാത്ത മണ്ഡലങ്ങളിലെ സ്ട്രോങ് റൂമിൽ മമത എത്തിയത് ചട്ടവിരുദ്ധമാണെന്നാണ് ഓഫീസറുടെ നിലപാട്. കൊൽക്കത്തയിലെ വിവിധ സ്ട്രോങ് റൂമുകളിൽ ടിഎംസി നേതൃത്വത്തിൽ പ്രതിഷേധം നടന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷം തോൽവി ഉറപ്പിച്ച മമത നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
വടക്കൻ കൊൽക്കത്തയിലെ 7 മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ ബിജെപിക്കാർ കയറി ബാലറ്റ്ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്നാണ് ടിഎംസി ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട ടിഎംസി, തെളിവായി അവതരിപ്പിച്ചു. തുടർന്ന് ടിഎംസി മന്ത്രിമാരടക്കം പ്രതിഷേധം ആരംഭിച്ചു. ബിജെപി പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടായി.
കേന്ദ്രസേന മമതയെ സ്ട്രോങ് റൂമിൽ നിന്ന് തടഞ്ഞു. തുടർന്ന് ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററിലേക്ക് പോയ മമത, അവിടെ അർദ്ധരാത്രിവരെ തുടർന്നു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ട്രോങ് റൂമിൽ ക്യാമറ സ്ഥാപിക്കുംവരെ മമത അവിടെ ഇരുന്നെന്നാണ് ടിഎംസി നേതാക്കളുടെ വാദം.
Photo and News Source: Asianet News










