കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തുടർന്ന്, തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ പ്രവർത്തകർക്ക് ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി മമതാ ബാനർജി. മേയ് 4-ന് കൗണ്ടിംഗ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തകർക്ക് കാവൽ നിൽക്കാൻ നിർദ്ദേശിച്ചു. വോട്ടെണ്ണൽ നടക്കുന്ന സമയത്ത് മുഴുവൻ ജാഗ്രതയും പാലിക്കണമെന്നും 294 നിയമസഭാ മണ്ഡലങ്ങളിലും കൗണ്ടിംഗ് കേന്ദ്രങ്ങൾ നേരിട്ട് നിരീക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.

വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ ആഹ്വാനം. ബിജെപി അധികാരത്തിലേറുമെന്ന പ്രവചനത്തെ തള്ളിക്കളഞ്ഞ മമത, എക്‌സിറ്റ് പോളുകൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ആരോപിച്ചു. ‘226 സീറ്റുകൾ കടക്കുമെന്ന് അവർക്കറിയാം, തൃണമൂൽ മുന്നേറ്റം തടയാൻ ബിജെപിക്ക് കഴിയില്ല’ എന്നും മമത പറഞ്ഞു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ട മമത, ‘പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവൽ നിൽക്കൂ! എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും’ എന്ന് നിർദ്ദേശിച്ചു. രാത്രി മുഴുവൻ ഉണർന്നിരിക്കുകയും അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം ഉറങ്ങാൻ പോകുകയുമെന്ന് മമത പറഞ്ഞു.

Photo and News Source: Newsthen