കോളേജ് അധ്യാപകരും ഗവേഷകരുമാകാനുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂൺ 2026 പരീക്ഷയ്ക്കുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. മേയ് 20 വരെ https://ugcnet.nta.nic.in വഴി ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷാ ഫീസ് 1150 രൂപയാണ്. ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയും പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 325 രൂപയുമാണ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ നെറ്റിൽ അപേക്ഷിക്കുമ്പോൾ ലൈവ് ഫോട്ടോ ഉൾപ്പെടെ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കേരളത്തിൽ 12 പരീക്ഷാകേന്ദ്രങ്ങളുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒബിസി, പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് കുറഞ്ഞ ശതമാനം മാർക്കിൽ അപേക്ഷിക്കാം. നിലവിൽ പിജി കോഴ്സുകളിൽ പഠിക്കുന്നവരും പരീക്ഷ ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാവുന്നതാണ്.
പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യത നേടുന്നവർ ഒരു വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം. 4 വർഷ ബിരുദം പൂർത്തിയാക്കിയവരും അവസാന വർഷം പഠിക്കുന്നവരും 75 ശതമാനം മാർക്കോടെ (പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 70 ശതമാനം) അപേക്ഷിക്കാം. ജെആർഎഫ്, പിഎച്ച്ഡി ഒൺലി വിഭാഗങ്ങൾക്കാണ് 4 വർഷ ബിരുദക്കാർക്ക് യോഗ്യത. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടാൻ കഴിയില്ല. പരീക്ഷയ്ക്ക് പ്രായപരിധിയില്ലെങ്കിലും ജെആർഎഫിന് 30 വയസ്സ് (പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും വനിതകൾക്ക് 35 വയസ്സ്) പരിധിയുണ്ട്. ഗവേഷണപരിചയം ഉള്ളവർക്കും സേനകളിൽ സേവനം ചെയ്തവർക്കും എൽഎൽഎം ബിരുദമുള്ളവർക്കും ജെആർഎഫിന് അപേക്ഷിക്കാം.
Photo and News Source: Kairali News










